ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകള്‍ നേടി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍ഡിഎ വിജയം സ്വന്തമാക്കിയത്. മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണ് തീര്‍ന്നത്.
75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെഡിയു നേരിട്ടത്. 2015ല്‍ 71 സീറ്റുകളാണ് ജെഡിയു നേടിയിരുന്നത്.
തീര്‍ത്തും നിറംമങ്ങി കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സിപിഐ(എംഎല്‍) 11 സീറ്റ് നേടി. എന്‍.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പി ഒറ്റ സീറ്റില്‍ ഒതുങ്ങി. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.
കറുത്ത കുതിരയാകുമെന്ന പ്രതീക്ഷിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. ഒരു സീറ്റില്‍ മാത്രമാണ് അവര്‍ ജയിച്ചത്. അവസാന നിമിഷം നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട എല്‍ജെപി ജെഡിയുവിനെതിരെ എല്ലാ സീറ്റിലും മത്സരിക്കുകയും ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ അസദ്ദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും നേട്ടമുണ്ടാക്കി. ബിഎസ്പി, ആര്‍എല്‍എസ്പി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസി മത്സരിച്ചത്. ഒവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ച് സീറ്റ് നേടിയപ്പോള്‍ ബിഎസ്പി ഒരു സീറ്റ് നേടി. 233 സീറ്റുകളില്‍ ഇവര്‍ മത്സരിച്ചു. എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വിഐപി പാര്‍ട്ടികള്‍ നാല് സീറ്റ് വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.