ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം. ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ അഭിപ്രായവ്യത്യാസം വളരുന്നതായാണ് സൂചന. ആർ.ജെ.ഡിയുമായും ഇടതുകക്ഷികളുമായും ചേർന്നുള്ള മഹാസഖ്യത്തെ തോൽവിയിലേക്ക് കൊണ്ടെത്തിച്ചത് കോൺഗ്രസിന്‍റെ നിരാശാജനകമായ പ്രകടനമാണെന്ന് നേരത്തെ വിമത ശബ്ദമുയർത്തിയ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നാല് മാസം മുമ്പ് പ്രമുഖ നേതാക്കൾ വിമത ശബ്ദമുയർത്തി വന്നതിന്‍റെ അലയൊലികൾ അടങ്ങും മുമ്പ് മറ്റൊരു പരീക്ഷണഘട്ടത്തെ നേരിടുകയാണ് പാർട്ടി.
ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. അതേസമയം, 144 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി 75 സീറ്റിൽ വിജയിച്ചു. ഇത്രയുംകാലം മുഖ്യധാരയിലുണ്ടാകാതിരുന്ന സി.പി.ഐ (എം.എൽ) 19 സീറ്റിൽ മത്സരിച്ചതിൽ 12ലും വിജയിച്ചു. സഖ്യത്തിൽ ഏറ്റവും താഴ്ന്ന വിജയനിരക്കാണ് കോൺഗ്രസിനുണ്ടായത്.
അതേസമയം, സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകളും എ.ഐ.എം.ഐ.എമ്മിന്‍റെ വിജയവും മൂന്നാംഘട്ട വോട്ടിങ്ങിലുണ്ടായ ധ്രുവീകരണവുമാണ് തിരിച്ചടിക്ക് കാരണമായി തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ വിശദീകരിക്കുന്നത്. സഖ്യത്തിലെ ഒരു പാർട്ടിയും മൂന്ന് ദശാബ്ദത്തോളം വിജയിക്കാതിരുന്ന 26 മണ്ഡലങ്ങളിൽ കോൺഗ്രസിന് മത്സരിക്കേണ്ടി വന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നേതൃത്വത്തിന്‍റെ പരാജയമായാണ് പാർട്ടിയിലെ ഭിന്നാഭിപ്രായമുള്ള നേതാക്കൾ ബിഹാർ ഫലത്തെ കാണുന്നത്. തങ്ങളെ പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തിയതായും കാര്യക്ഷമതയില്ലാത്ത നേതാക്കളാണ് പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബിഹാർ കോൺഗ്രസിലെ നേതാക്കളെ വരെ ഒതുക്കിയെന്നും ഇവർ പറയുന്നു. ബിഹാർ തിരഞ്ഞെടുപ്പിനെ മാത്രമായല്ല വിലയിരുത്തേണ്ടതെന്നും മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തോൽവിയും ഇതോടൊപ്പം കാണണമെന്നും നേതാക്കൾ പറയുന്നു.