ബിഹാറില്‍ മദ്യ ഉപയോഗവും വ്യാജമദ്യ വില്‍പ്പനയും കണ്ടെത്തി അധികൃതരെ വിവരമറിയിക്കാനുള്ള ചുമതല അധ്യാപകര്‍ക്ക് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകര്‍. ഓരോ പ്രദേശത്തെയും മദ്യ ഉപഭോഗവും വില്‍പ്പനയും സംബന്ധിച്ച് ജാഗ്രത പുലര്‍ത്താനും ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനും ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഞായറാഴ്ച പ്രതിഷേധം.
അധ്യാപകരുടെ ചുമലില്‍ നിന്ന് അക്കാദമിക് അല്ലാത്ത ജോലിയുടെ ഭാരം സര്‍ക്കാര്‍ നീക്കണമെന്നും മദ്യ ഉപഭോഗം നിരീക്ഷിക്കാനുള്ള നിര്‍ദേശം അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭാവിയില്‍ പ്രശന്ങ്ങളുണ്ടാക്കുമെന്നും ബിപിഎസ്എസ് ഔദ്യോഗിക വക്താവ് ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തെ മദ്യമാഫിയകളുടെ പ്രവര്‍ത്തനം തടയുന്നതില്‍ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും മറ്റ് നിയമപാലകരും പരാജയപ്പെടുമ്പോള്‍, നിരായുധനായ ഒരു അധ്യാപകന് അവരെ എങ്ങനെ നേരിടാനാകും ? സംസ്ഥാനത്തെ അധ്യാപകരുടെ ജീവനെ ബാധിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.’ – അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ഈ നിര്‍ദ്ദേശത്തിലൂടെ അധ്യാപകരെയും കുടുംബങ്ങളെയും അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് TET-STET ടീച്ചര്‍ അസോസിയേഷന്‍ വക്താവ് അശ്വനി പാണ്ഡെ പറഞ്ഞു. മുന്‍കാലങ്ങളിലും അധ്യാപകരെ ഇത്തരം ജോലികള്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ട് അരിയും പയറും മറ്റും അടങ്ങിയ കോട്ടണ്‍ ബാഗുകള്‍ വില്‍ക്കാനും വകുപ്പ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു. ‘ഇത്തരം നിര്‍ബന്ധിത പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിന് അപമാനമാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു, ബിഹാറിലെ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഞങ്ങള്‍ സമരം ചെയ്യും” പാണ്ഡെ പറഞ്ഞു.
മദ്യനിരോധനം വിജയിപ്പിക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമാണ് ഇവയെല്ലാമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ഹരിഹാസം, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍ 2022 ജനുവരി 28ന് ബിഹാറിലെ പ്രൈമറി, മിഡില്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ സോണുകളിലെയും ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കത്തിലൂടെയാണ് മദ്യ ഉപയോഗം നിരീക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.