ബില്‍ക്കിസ് ബാനു കേസിൽ പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിലെ പ്രതികളായ രാധേശ്യാം ഭഗവന്‍ദാസ്, രാജുഭായ് ബാബുലാല്‍ എന്നിവരുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പുതിയ റിമിഷന്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരുന്നത് വരെയായിരുന്നു ഭഗവാന്‍ദാസും ബാബുലാലും താല്‍ക്കാലിക ജാമ്യം തേടിയത്
2002ലെ ഗുജറാത്ത് കലാപ സമയത്ത് ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളായ രാധേശ്യാം ഭഗവന്‍ദാസ്, രാജുഭായ് ബാബുലാല്‍ എന്നിവർ. കുറ്റവാളികളുടെ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഇതേ തുടർന്ന് അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
ജനുവരി എട്ടിനാണ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കിയത്. 2022ലെ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നു. ജനുവരിയിലെ വിധി ഭരണഘടനാ ബെഞ്ചിന്റെ 2002ലെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഭഗവാന്‍ദാസും ബാബുലാലും കോടതിയെ സമീപിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ച ഇളവ് റദ്ദാക്കിയ വിഷയം വിശാല ബെഞ്ചിന് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് കേസിലെ പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.