ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് അറസ്റ്റ് നടപടികൾ ഒഴിവാക്കാൻ കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. ഹർജി ഇന്ന് പരിഗണിക്കും.
മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ (ഇ.ഡി) അറസ്റ്റ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ബിനീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
അതേസമയം, ഇ.ഡി കേസിൽ ബിനീഷിൻെറ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ബുധനാഴ്ച പരിഗണിച്ചെങ്കിലും വിശദ വാദം കേൾക്കുന്നത് 24- ലേക്ക് മാറ്റി. തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഇ.ഡി ആവശ്യം കോടതി അംഗീകരിച്ചു.
സാമ്പത്തിക ഇടപാടുകൾ മാത്രം ചൂണ്ടിക്കാട്ടി ബിനീഷിനെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, ബിനീഷിെൻറ ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇ.ഡി അഭിഭാഷകൻ ബോധിപ്പിച്ചു. നവംബർ 25- നാണ് ബിനീഷിൻറെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുക.