ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിസി ജഗദീഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയ്ക്ക് കത്ത്. സിപിഐ നേതാവ് ബിനോയ് വിശ്വം എം പിയാണ് കേന്ദ്രമന്ത്രി രമേശ് പൊക്രിയാലിന് കത്ത് അയച്ചത്. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎൻയു കാമ്പസ് സന്ദർശിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ. ഇവര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളടക്കം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ജഗദീഷ് കുമാറുമായി ചർച്ച നടത്തുന്നുണ്ട്. തുടർന്ന് വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികൾ ഡല്‍ഹിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ചർച്ചയിൽ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്നലെ മന്ത്രാലയവുമായി വിദ്യാര്‍ത്ഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
അതിനിടെ ജനുവരി അഞ്ചിന് കാമ്പസിൽ നടന്ന ആക്രമണത്തിൽ ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധവും വ്യാപകമാകുന്നുണ്ട്. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനം ഉയര്‍ന്നിട്ടുണ്ട്.