ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവന്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മനുഷ്യനുണ്ടായ പിശകുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട്. വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്ടറിലായിരുന്നു ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
ലോക്സഭയില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നത്. എയര്‍ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 2021 ഡിസംബര്‍ 8ന് തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.
ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് ബിപിന്‍ റാവത്തിനെയും ഭാര്യയെയും കൂടാതെ അപകടത്തില്‍ മരിച്ചത്.
ഡിസംബര്‍ 17ന് ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2017-2018 മുതല്‍ 2022 വരെ ആകെ 34 അപകടങ്ങള്‍ നടന്നതായി പറയുന്നു. 34 അപകടങ്ങളില്‍ ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം മനുഷ്യപിഴവ് ആണ് കാരണം. സാങ്കേതിക തകരാര്‍ മൂലം ഉണ്ടായ അപകടങ്ങള്‍ രണ്ടെണ്ണം മാത്രമാണ്.