കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് പരിശോധിച്ച് തമിഴ്‌നാടും കര്‍ണാടകവും. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് അതിര്‍ത്തി സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്നത്. വാളയാര്‍, മംഗലാപുരം, ചെങ്കോട്ടേ, കളിയിക്കാവിള ചെക്കുപോസ്റ്റുകളില്‍ തടയുന്ന വാഹനങ്ങള്‍ അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്.
ആലപ്പുഴയില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ ബാധിച്ചതായി സംശയിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കണം.
കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് നിര്‍ദേശം. ഫാമുകളില്‍ കോഴികള്‍ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനി ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ഉടന്‍ വെറ്ററിനറി വകുപ്പിനെ അറിയിക്കണം.
കഴിഞ്ഞാഴ്ച വരെ കിലോക്ക് 170 രൂപ വരെയെത്തിയിരുന്ന കോഴിയുടെ വില 140 രൂപയില്‍ താഴെയായിരിക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുന്ന സ്ഥിതിയാണ്.
കേരളത്തോട് ചേര്‍ന്നുള്ള കോയമ്ബത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാര്‍ ഉള്‍പ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ പോസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്.