സ്വവർഗ വിവാഹം; ബി.ജെ.പി ഭരണകക്ഷിയായ സംസ്ഥാനങ്ങൾ എതിർത്ത് റിപ്പോർട്ട് നൽകും

സ്വവർഗ വിവാഹത്തിൽ എതിർപ്പുമായി മുന്നോട്ടുപോകാൻ ഉറച്ച് ബിജെപി. എൻഡിഎ ഭരണകക്ഷിയായ സംസ്ഥാനങ്ങൾ സ്വവർഗവിവാഹത്തെ എതിർത്ത് റിപ്പോർട്ട് നൽകുവാനാണ് തീരുമാനം. ഒരു സുപ്രീംകോടതി വിധിയിൽ ഈ വിഷയം തീരേണ്ടതില്ലെന്നാണ് ബിജെപി നിലപാട്. മതസംഘടനകളുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാർട്ടി നേതൃത്വം ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ ആണ് സുപ്രീംകോടതി നിർദേശം നൽകി. “വിവാഹം” കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാന സർക്കാരുകളുടെ കാഴ്ചപ്പാടുകൾ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സർക്കാർ പുതിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇത് അം​ഗീകരിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.

സ്വവർഗ വിവാഹം നഗരങ്ങളിലെ വരേണ്യ വർഗ്ഗ സങ്കൽപമെന്ന കേന്ദ്രസർക്കാർ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ഹർജിയിൽ വാ​ദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ നിലപാടിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിമർശിക്കുകയായിരുന്നു.

Read more

വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമർപ്പിക്കുകയായിരുന്നു കേന്ദ്രം. അതേ സമയം സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.