ഹരിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന് തിരിച്ചടി. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഒരു മാസത്തോളമായി ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തോൽവി.
സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരു വർഷത്തിനു ശേഷം അഭിമാന പോരാട്ടമായി കണക്കാക്കപ്പെട്ടിരുന്ന സോണിപത്തിലെയും അംബാലയിലെയും മേയർ തിരഞ്ഞെടുപ്പിൽ ഭരണ സഖ്യത്തിന് തോൽവി നേരിട്ടു. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ ജന്നായക് ജനതാ പാർട്ടി തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഹിസാറിലെ ഉക്ലാന – രേവാരിയിലെ ധരുഹേര എന്നിവിടങ്ങളിൽ പരാജയപ്പെട്ടു.
അംബാല, പഞ്ചകുള, സോണിപത്, രേവാരിയിലെ ധരുഹേര, റോഹ്തകിലെ സാംപ്ല, ഹിസാറിലെ ഉക്ലാന എന്നിവിടങ്ങളിൽ ഞായറാഴ്ചയാണ് പ്രാദേശിക തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സോണിപത്തിൽ വിജയിച്ചത്. നിഖിൽ മദാൻ സോണിപത്തിന്റെ ആദ്യ മേയറാകും. പുതിയ കാർഷിക നിയമങ്ങളോടുള്ള നീരസമാണ് ബിജെപിയുടെ നഷ്ടത്തിന് കാരണമെന്ന് എതിരാളികൾ അവകാശപ്പെട്ടു.
അംബാലയിൽ ഹരിയാന ജനചേതന പാർട്ടിയുടെ ശക്തി റാണി ശർമ 8,000 വോട്ടുകൾക്ക് വിജയിച്ചതിനെ തുടർന്ന് മേയറാകും. മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എച്ച്ജെപി മേധാവി വെനോദ് ശർമയുടെ ഭാര്യയാണ് ശക്തി റാണി. ഇവരുടെ മകൻ മനു ശർമ ജെസീക്ക ലാൽ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ്.