ക​ശ്​​മീ​രി‍ന്‍റെ പ്രത്യേക പ​താ​ക പു​നഃ​സ്ഥാ​പി​ക്കാ​തെ ദേശീയപതാക ഉയർത്തില്ലെന്ന പരാമർശം; മെഹ്ബൂ​ബക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി

ജ​മ്മു–​ക​ശ്​​മീ​രി‍ൻെറ പ്രത്യേക പ​താ​ക പു​നഃ​സ്ഥാ​പി​ക്കാ​തെ ദേശീയപതാക ഉയർത്താൻ തങ്ങൾ തയ്യാറല്ലെന്ന  പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ പരാമർശത്തിനെതിരെ ബിജെപി. മെഹബൂബ മുഫ്തിയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന്‌ കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. 14 മാ​സ​ത്തെ വീ​ട്ടുത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ച​നം ല​ഭി​ച്ച ശേ​ഷം ആ​ദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന്​ മെഹബൂബ മുഫ്തി പ്രസ്താവന നടത്തിയത്​.

മെഹ്​ബൂബയുടെ പരാമർശത്തിനെതിരെ ജമ്മു കശ്മീർ ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന രംഗത്തെത്തി. രാജ്യദ്രോഹപരമായ പരാമർശങ്ങൾ നടത്തിയ മെഹ്ബൂബ മുഫ്തിക്കെതിരെ നടപടി സ്വീകരിക്കണം. രാജ്യദ്രോഹകുറ്റം ചുമത്തി അവരെ അറസ്​റ്റു ചെയ്യണമെന്ന്​ ലഫ്റ്റനൻറ്​ ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെടുകയാണെന്നും റെയ്​ന പറഞ്ഞു.

“”ഞങ്ങൾ മാതൃരാജ്യത്തിനും രാജ്യത്തി​ൻെറ പതാകയ്ക്കും വേണ്ടി ഓരോ തുള്ളി രക്തവും ബലിയർപ്പിക്കും. ജമ്മു കശ്മീർ നമ്മുടെ രാജ്യത്തി​ൻെറ അവിഭാജ്യ ഘടകമാണ്. അതിനാൽ ഒരു പതാക ഉയർത്താനേ അവകാശമുള്ളൂ, അത്​ ദേശീയപതാകയാകും”” -റെയ്​ന പി.ടി.ഐയോട്​ പ്രതികരിച്ചു.

കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ മെഹബൂബ മുഫ്തിയെ പോലുള്ള നേതാക്കള്‍ പറയരുത്. സമാധാനം, സാഹോദര്യം എന്നിവ നശിപ്പിക്കാൻ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന്റെ പരിണതഫലങ്ങള്‍ നേരിടേണ്ടി വരും. കശ്മീരിലെ നേതാക്കള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനിലേക്കോ ചൈനയിലേക്കോ പോകാമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.