ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ്‍ സിംഗിന്റെ വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ലൈംഗിക പീഡനാരോപണം നേരിടുന്ന മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ മകന്‍ കരണ്‍ സിങിന്റെ വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ടിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കരണ്‍ ഭൂഷണ്‍ സിങിന്റെ വാഹനം ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചത്.

രാവിലെ 9 മണിയോടെ നടന്ന അപകടത്തില്‍ ഷഹ്‌സാദ്, റെഹാന്‍ എന്നീ യുവാക്കളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ കരണ്‍ ഭൂഷണ്‍ സിങ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് പൊലീസ് കരണ്‍സിങിന്റെ വാഹനം കസ്റ്റഡിയിലെടുത്തു. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയാണ് ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചത്.

Read more

അപകടത്തെ തുടര്‍ന്ന് യുവാക്കള്‍ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൈസര്‍ഗഞ്ച് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്. അപകടത്തില്‍പ്പെട്ട വാഹനം കരണ്‍ സിങിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗറിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ്.