' ഉദയനിധിയുടെ നിലപാട് ബിജെപിയ്ക്ക് സഹിക്കാന്‍ കഴിയുന്നില്ല'; സനാതന ധര്‍മ്മ വിവാദത്തിൽ മൗനം വെടിഞ്ഞ് എംകെ സ്റ്റാലിന്‍

തമിഴ്‌നാട് യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് പിതാവും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ബിജെപി അനുകൂല ശക്തികള്‍ക്ക് അടിച്ചമര്‍ത്തല്‍ തത്വങ്ങള്‍ക്കെതിരായ ഉദയനിധിയുടെ നിലപാട് സഹിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം സനാതന ചിന്തകളുള്ളവരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്തെന്ന കള്ളം അവര്‍ പ്രചരിപ്പിച്ചെന്നും സ്റ്റാലിന്‍ ആരോപിച്ചു. ബിജെപി അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ അസത്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ‘വംശഹത്യ’ എന്ന വാക്ക് തമിഴിലോ ഇംഗ്ലീഷിലോ ഉദയനിധി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് ഉചിതമായ പ്രതികരണം വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത് നിരാശാജനകമാണ്. ഏത് ആരോപണവും റിപ്പോര്‍ട്ടും പരിശോധിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രധാനമന്ത്രിയ്ക്കുണ്ട്. ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന അസത്യങ്ങളെ കുറിച്ച്  പ്രധാനമന്ത്രി ഒന്നും അറിയാതെയാണോ സംസാരിക്കുന്നത്, അതോ ബോധപൂര്‍വ്വം അങ്ങനെ ചെയ്യുന്നതാണോയെന്നും സ്റ്റാലിന്‍ ചോദിച്ചു.