കൂണിന്‍റെ ചിത്രമുള്ള കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ബിജെപി, അതിനൊരു കാരണമുണ്ട്

ഗുജറാത്തിലെ വിജയം ബിജെപി ഡല്‍ഹി ഘടകം ആഘോഷിച്ചത്‌  കൂണ്‍കേക്ക് മുറിച്ച്.  ഡല്‍ഹി യുണിറ്റിലെ ബിജെപി വക്താവ് തജീന്ദര്‍ സിങ്ങ് ബാഗയാണ്  വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുത്തത്. സാധാരണ കേക്ക് മുറിക്കുകയോ മധുരപലഹാരം വിതരണം ചെയ്യുകയോ ഒഴിവാക്കി കൂണിന്റെ ചിത്രമുള്ള കേക്ക് മുറിക്കുകയായിരുന്നു.

കൂണിന്റെ ചിത്രമുള്ള കേക്ക് ചിലര്‍ക്കുള്ള മറുപടിയാണെന്നാണ് ബാഗ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി സൗന്ദര്യം വര്‍ധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ തായ്വാനില്‍ നിന്നുള്ള കൂണ്‍ കഴിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ബാഗ ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റിലാണ്  അല്‍പേഷ് താക്കൂര്‍ മത്സരിച്ചത്.  തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മോഡി തന്നെ പോലെ കറുത്തിട്ടായിരുന്നുവെന്നും വിലകൂടിയ കൂണ്‍ കഴിച്ചാണ് വെളുത്തതെന്നും അല്‍പേഷ് താക്കൂര്‍ ആരോപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ മോഡിയുടെ ഭക്ഷണം ഈ കൂണുകളാണ്. അതുകൊണ്ടായിരിക്കും മോഡി ഇത്ര വെളുത്തിരിക്കുന്നതെന്ന് താക്കൂര്‍ പരിഹസിച്ചു. ഇതിന് മറുപടിയായാണ് കൂണിന്‍റെ കേക്ക് മുറിച്ച് ആഘോഷിച്ചത്.