മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെയും തോല്‍വി ഭയന്നാണ് ബിജെപി കേജ്രിവാളിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കേജ്രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ്രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ് അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എഎപി ഇത്തരം ഭീഷണികളില്‍ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നല്‍കും-സിസോദിയ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ബിജെപിയുടെ ഭയമാണ് കാണിക്കുന്നതെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.
ഗുജറാത്തിലും ഡല്‍ഹി എംസിഡി തെരഞ്ഞെടുപ്പിലും തോല്‍ക്കുമെന്ന് ബിജെപി ഭയക്കുന്നു എന്നതാണ് വസ്തുത. അതിനാല്‍ രണ്ട് തിരഞ്ഞെടുപ്പുകളും ഒരേസമയം നടക്കുമെന്ന് അവര്‍ ഉറപ്പുവരുത്തിയെന്നും കെജ്രിവാള്‍ പറഞ്ഞു.