ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ പോലും പൂർണമായി തീരുന്നതിനുമുൻപേ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് പുറകിൽ രാഷ്ട്രീയം മാത്രമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്. വരാനിരിക്കുന്ന ലേക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങൾ.
സംഘപരിവാറും കേന്ദ്രസർക്കാരും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെകൂടെ ഉദ്ഘാടനകർമ്മമാണ് അയോധ്യയിൽ നടക്കാൻ പോകുന്നത്. രാമക്ഷേത്രം ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ധൃതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തിൽ പ്രണ പ്രതിഷ്ഠയാണ് മോദി നിർവഹിക്കുന്നത്.
മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ടു നിലകൾ മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. 70 ഏക്കറിൽ നിറഞ്ഞിരിക്കുന്ന ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്. നിർമ്മാണ പ്രവർത്തികൾ ഇനിയും വർഷങ്ങൾ തുടരുമെന്നാണ് തൊഴിലാളികളും പറയുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണം ജനുവരിയിൽ ഏതാണ്ട് പൂർത്തിയാകുമെന്ന് വി എച്ച്പി നേതാക്കളും പറയുന്നു.
രാമക്ഷേത്ര ഉൽഘാടനം പരമാവധി വോട്ടാക്കി മാറ്റാൻ ഈയിടെ ദില്ലിയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉദ്ഘാടത്തോടനുബന്ധിച്ച് രാജ്യത്തെ 5 ലക്ഷം ക്ഷേത്രങ്ങൾ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അലങ്കരിക്കുന്നുണ്ട്. പ്രധാന ഇടങ്ങളിൽ എല്ലാം തൽസമയം സ്ക്രീനിംഗ് സംഘടിപ്പിക്കുന്നതും വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.