അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തായി സൈന്യത്തിനായി മാറ്റിവച്ച ഭൂമി സംഘപരിവാര്‍ അനുകൂലികളായ വ്യവസായികള്‍ക്ക് വേണ്ടി ബഫര്‍ സോണ്‍ പട്ടികയില്‍ നിന്ന് മാറ്റിയതായി ആരോപണം. സരയൂ നദീ തീരത്തെ മജ്ഹ ജംതാര ഗ്രാമത്തിലെ 2211 ഏക്കര്‍ സ്ഥലമാണ് ബഫര്‍ സോണില്‍ നിന്ന് മാറ്റിയത്.
സരയൂ നദീ തീരത്തിന് സമീപത്തായി 14 വില്ലേജുകളിലായി 13391 ഏക്കര്‍ ഭൂമിയായിരുന്നു ബഫര്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫീല്‍ഡ് ഫയറിംഗിനും പീരങ്കി പരിശീലനത്തിനുമായി സൈന്യം ഉപയോഗിക്കുന്ന പ്രദേശത്തോട് ചേര്‍ന്ന ഭൂമിയാണ് രാജ്യത്തെ വന്‍കിട വ്യവസായികള്‍ വാങ്ങിക്കൂട്ടിയതിന് പിന്നാലെ ബഫര്‍ സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, ഗൗതം അദാനി എന്നിവരുമായി ബന്ധമുള്ളവരാണ് പ്രദേശത്ത് വലിയ രീതിയില്‍ ഭൂമി സ്വന്തമാക്കിയത്. ഹോംക്വസ്റ്റ് ഇന്‍ഫ്രാസ്പേസ് എന്ന അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം 2023 നവംബറില്‍ മജ്ഹ ജംതാരയില്‍ 1.4 ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു. ബിജെപി എംഎല്‍എ സിപി ശുക്ല അയോധ്യ സ്വദേശിയില്‍ നിന്ന് വാങ്ങിയ ഭൂമി അദാനി ഗ്രൂപ്പിന് വില്‍ക്കുകയായിരുന്നു.
ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ് കേന്ദ്ര പ്രദേശത്ത് 5.31 ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു. ബാബ രാംദേവിന്റെ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റുമായി ബന്ധമുള്ള ഹരിയാനയിലെ യോഗ് ആയോഗ് ചെയര്‍മാന്‍ ജയ്ദീപ് ആര്യയും മറ്റ് നാല് പേരും ചേര്‍ന്ന് 2023ല്‍ ഇതേ പ്രദേശത്ത് 3.035 ഹെക്ടര്‍ ഭൂമി വാങ്ങി. ഇടപാടുകളെല്ലാം നടന്നത് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു.
ബഫര്‍ സോണ്‍ നിലനിന്നിരുന്ന പ്രദേശത്ത് വാണിജ്യപരമായ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളം വിലക്കിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ പിന്തുണയുള്ള വന്‍കിട വ്യവസായികള്‍ക്കായി മെയ് 30 ന് പ്രദേശത്തെ ബഫര്‍ സോണ്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ഒഴിവാക്കുകയായിരുന്നു.