ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. ന്യൂഡൽഹിയിൽ ബിജെപി മുൻ എംപി പർവേശ് സാഹിബ് സിങ് വർമയാണ് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ നേരിടുന്നത്.
ആം ആദ്മിയിൽ നിന്ന് ബിജെപിയിലെത്തിയ മുൻ മന്ത്രിയും കെജ്‌രിവാളിന്റെ വിശ്വസ്തനുമായിരുന്ന കൈലാഷ് ഗെഹ്‍ലോട്ട് ബിജ് വാസനിൽ നിന്ന് ജനവിധി തേടും. കോൺഗ്രസ് നേതാവും ഷീല ദീക്ഷിത് സർക്കാരിൽ മന്ത്രിയുമായിരുന്ന അരവിന്ദർ സിങ് ലവ്‌ലി ഈസ്റ്റ് ഡൽഹിയിലെ ഗാന്ധിനഗർ സീറ്റിൽനിന്ന് ബിജെപിക്കായി ജനവിധി തേടും. കഴിഞ്ഞ വർഷം ഇയാൾ കോൺഗ്രസ് വിട്ടിരുന്നു.
ആം ആദ്മി നേരത്തെ തന്നെ 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. അതിനാൽ തന്നെ ഫെബ്രുവരിയ്ക്ക് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം.