നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഉത്തർപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രി വ്യാഴാഴ്ച രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിംഗ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്. ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിംഗ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎല്‍എയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം ഒമ്പതായി. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിംഗ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.
ദളിത്, പിന്നോക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെയ്ക്കുന്നവരുടെ പ്രധാന ആരോപണം.
രാജി വെച്ചവരും മണ്ഡലങ്ങളും: സ്വാമിപ്രസാദ് മൗര്യ – പഡ്രൗന, (തൊഴിൽ മന്ത്രി), ദാര സിംഗ് ചൗഹാൻ – മധുബൻ, (വനം മന്ത്രി),ധരം സിംഗ് സൈനി – നകുർ, (ആയുഷ് മന്ത്രി), ബ്രജേഷ് പ്രജാപതി – തിൻഡ്വാഡ, അവതാർ സിംഗ് ബഡാന – മീരാപൂർ , റോഷൻലാൽ വെർമ്മ – തിൽഹാർ, ഭഗവതി പ്രസാദ് സാഗർ – ബിൽഹൗർ, മുകേഷ് വെർമ്മ – ഷികോഹാബാദ്, വിനയ് ശാക്യ – ബിധുന, ബാല പ്രസാദ് അവസ്തി – മൊഹംദി,ഛത്രപാൽ ഗംഗാദർ – ബഹേരി