ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബി.ജി.പിക്കെതിരെ ആഞ്ഞടിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബദൗണില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
‘ബി.ജെ.പിയുടെ ചെറിയ നേതാക്കള്‍ ചെറിയ നുണകള്‍ പറയുന്നു, വലിയ നേതാക്കള്‍ വലിയ നുണകള്‍ പറയുന്നു. അവരുടെ ഉന്നത നേതാവ് ഏറ്റവും വലിയ നുണയാണ് പറയുന്നത്. ബി.ജെ.പി നുണയന്മാരുടെ പാര്‍ട്ടിയാണ്.’, യാദവ് പറഞ്ഞു.
ഫെബ്രുവരി 10നാണ് സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിലെ വോട്ടിങ് ശതമാനം ബി.ജെ.പിയുടെ പതനമാണ് സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്നും, ബദൗനില്‍ അക്കൗണ്ട് പോലും തുറക്കാന്‍ കഴിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഫെബ്രുവരി 14നാണ് സംസ്ഥാന നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. സഹാറന്‍പൂര്‍, ബിജ്നോര്‍, അംറോഹ, സംഭാല്‍, മൊറാദാബാദ്, രാംപൂര്‍, ബറേലി, ബദൗണ്‍, ഷാജഹാന്‍പു എന്നീ ഒമ്പത് ജില്ലകള്‍ ഉള്‍പ്പെടുന്ന 55 നിയമസഭ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.