ബിജെപി ഇപ്പോഴേ ആശങ്കയിലാണ്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരാനിരിക്കുന്നത് വന്‍മാറ്റം; ഭാരത് ജോഡോ യാത്രയെക്കുറിച്ച് ജയറാം രമേശ്

ഭാരത് ജോഡോ യാത്ര ചരിത്രം കുറിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് തന്നെ ഇത് വഴിതെളിക്കുമെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ ് വളരെ നിര്‍ണായകമായ ഒരു നീക്കമാണ് ഭാരത് ജോഡോ യാത്ര. ടൊയോട്ടയിലോ ഹ്യൂണ്ടായിലോ ഇന്നോവിലോ അല്ല ഞങ്ങള്‍ സഞ്ചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 180ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍നടയായാണ് യാത്ര. കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബിജെപി തീരെ പ്രതീക്ഷിച്ചില്ല.

അവര്‍ ഇപ്പോഴേ ആശങ്കാകുലരാണ്. അവര്‍ നടത്തിയ രഥയാത്രയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പദയാത്ര. കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ മാറ്റത്തിന് ഭാരത് ജോഡോ യാത്ര മുതല്‍ക്കൂട്ടാകും. ഇന്നാരംഭിക്കുന്ന യാത്ര വിജയം കാണുക തന്നെ ചെയ്യും. 2024ല്‍ ബിജെപി എന്ന പാര്‍ട്ടി ചരിത്രമാകും’. ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകിട്ട് അഞ്ചിന് നടക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയാണ് പദയാത്ര.

ഇതിന് മുന്നോടിയായാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തിയത്. ഇതിന് ശേഷം ചെന്നൈയിലേക്ക് പോയ രാഹുല്‍, 11.45ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് പോകും. ഉച്ചയ്ത്ത് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഒരു മണിയോടെ ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് തിരിക്കും.

Read more

വൈകിട്ട് മൂന്നിന് തിരുവള്ളൂര്‍ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധി മണ്ഡപത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധി മണ്ഡപത്തില്‍ നിന്ന് സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നാകും പതാക സ്വീകരിക്കുക.