മധ്യപ്രദേശില്‍ ഗോത്ര വിഭാഗക്കാരന് നേരെ വീണ്ടും മര്‍ദ്ദനം. പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ട് പേരാണ് മര്‍ദ്ദനത്തിന് പിന്നില്‍. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ബാര്‍നു സിംഗ് എന്ന 57 വയസുള്ള ആദിവാസി വിഭാഗക്കാരനെ ചെരുപ്പ്‌കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സംസ്ഥാനത്തെ ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. അപകടത്തെ തുടര്‍ന്ന് ഭോമ സിംഗ് എന്ന വൃദ്ധന്‍ മരണപ്പെട്ടിരുന്നു. ഓടിക്കൂടിയ ആളുകള്‍ വാഹനം ഓടിച്ചിരുന്ന ബാര്‍നു സിംഗിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ബാര്‍നുവിന് ഒന്നും സംസാരിക്കാനായില്ല.
ബാര്‍നു സിംഗിന്റെ നിശബ്ദതയില്‍ പ്രകോപിതരായ രണ്ട് പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ജയ്ഗണേഷ് ദീക്ഷിത്, ജിതേന്ദ്ര ഖുശ്വാഹ എന്നിവരാണ് ബാര്‍നുവിനെ ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചത്. ഇവരില്‍ ജയ്ഗണേഷ് പ്രാദേശിക ബിജെപി നേതാവാണ്. മര്‍ദ്ദനമേറ്റ ബാര്‍നു സിംഗ് ചികിത്സയിലാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു. ബാര്‍നു സിംഗിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.