ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലാണ് ക്രൂര കൃത്യം നടന്നത്. സംഭവത്തില്‍ ബിജെപി ജില്ലാ നേതാവ് യോഗേഷ് രോഹിലിന്റെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും കൊല്ലപ്പെട്ടു. ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സഹാറന്‍പൂര്‍ ജില്ലാ നിര്‍വാഹകസമിതി അംഗമാണ് യോഗേഷ് രോഹില്‍.

ഇയാളുടെ ഭാര്യ നേഹ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൃത്യത്തിന് ശേഷം പൊലീസിനെ വിവരം അറിയിച്ചത് പ്രതി തന്നെയാണെന്ന് യുപി പൊലീസ് വ്യക്തമാക്കി.

രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭാര്യയേയും മൂന്നാമത്തെ കുട്ടിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. രോഹിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. കുടുംബകലഹത്തിനൊടുവിലാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.