മഹാരാഷ്ട്രയില്‍ ബിജെപി വിയര്‍ത്തേക്കും; നിയമസഭ തിരഞ്ഞെടുപ്പിലും മഹാവികാസ് സഖ്യം തുടരുമെന്ന് സൂചന

മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് കനത്ത പ്രതിരോധം സൃഷ്ടിക്കാന്‍ മഹാവികാസ് അഘാഡി നേതാക്കള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മഹാവികാസ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന സൂചന നല്‍കി എംവിഎ നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ എംവിഎയുടെ പ്രകടനം ഒരു തുടക്കം മാത്രമാണെന്നും ഇതോടെ അവസാനിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനെയും രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു നടന്നത്. നിയമസഭ തിരഞ്ഞെടുപ്പും വൈകാതെ നടക്കും. എംവിഎയുടെ തിരഞ്ഞെടുപ്പ് വിജയം അന്ത്യമല്ല. ഇവിടെ ആരംഭിക്കുകയാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

ഇത്രയും കാലം മോദി സര്‍ക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്ന പേരിലേക്ക് മാറിയിട്ടുണ്ട്. എത്രകാലം എന്‍ഡിഎ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് കാത്തിരുന്ന് കാണാം. മോദിയുടെ ഗ്യാരന്റിയ്ക്കും അച്ഛേ ദിന്‍ മുദ്രാവാക്യത്തിനും എന്ത് സംഭവിച്ചെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

ഓട്ടോറിക്ഷയുടെ മുന്‍ ചക്രം എന്നാണ് തങ്ങളുടെ സര്‍ക്കാരിനെ ദേവേന്ദ്ര ഫഡ്‌നാവിസ് അധിക്ഷേപിച്ചത്. നിലവില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അവസ്ഥയും ഇതുതന്നെയല്ലേയെന്നും താക്കറെ പരിഹസിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറ്റത്തിന്റെ സൂചനയാണെന്ന് പൃഥ്വിരാജ് ചവാനും അഭിപ്രായപ്പെട്ടു.

Read more

എന്‍സിപി നേതാവ് ശരദ്പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.