Connect with us

NATIONAL

ടിഡിപിയുടെ നീക്കത്തിന് ഒരു മുഴം മുമ്പേയെറിഞ്ഞ് ബിജെപി; കേന്ദ്രമന്ത്രിമാര്‍ രാജിവെയ്ക്കും മുമ്പ് ആന്ധ്രയിലെ ബിജെപി മന്ത്രിമാര്‍ രാജിവച്ചു

, 11:11 am

ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ച് ടി.ഡി.പി-ബിജെപി പോര് ശക്തം. ദേശീയ രാഷ്ട്രീയത്തില്‍ എന്‍ഡിഎ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി ടിഡിപി ബന്ധം അവസാനിപ്പിച്ചതിന് പിന്നലെ ചടുല നീക്കവുമായി ബിജെപി. ആന്ധ്ര നിയമസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി.

സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്. ബി.ജെ.പി എം.എല്‍.എയായ അകുല സത്യനാരായണനാണ് രാജിക്കാര്യം ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് മന്ത്രിമാരും വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി അറിയിച്ചു.

അന്ധ്രയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും രാജിവെക്കണമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. രാജിവെച്ച് കേന്ദ്രസര്‍ക്കാറിന് മേല്‍ സമര്‍ദ്ദം ചെലുത്തണം.

എല്ലാ എം.പിമാരും രാജികത്ത് സമര്‍പ്പിക്കണം. കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണം. പാര്‍ലമന്റെിലെ പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഇതിന് ഉറപ്പാക്കണമെന്നും ജഗന്‍ മോഹന്‍ പറഞ്ഞു. പ്രത്യേക പദവി നല്‍കാമെന്ന് അറിയിച്ചാണ് ആന്ധ്രയെ വിഭജിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം രാഷ്ട്രീയ അവസരവാദമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

കേന്ദ്രം തങ്ങളെ വഞ്ചിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ചിറ്റമ്മ നയമാണ് കേന്ദ്രം കാണിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ല. സംസ്ഥാനത്തിനു തികഞ്ഞ അവഗണനയാണെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആഡ്രാ വിഭജന സമയത്ത് പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഇന്നലെ പറഞ്ഞിരുന്നു. ടിഡിപി മുന്നണി വിടുന്നത് തടയുന്നതിനുള്ള അനുനയ നീക്കമായിട്ടാണ് ഇതു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. പക്ഷേ ഇത്രയും കാലമായിട്ടും തങ്ങളുടെ ആവശ്യം നടപ്പാക്കാത്ത മുന്നണിയുമായി ഇനി ബന്ധം വേണ്ടെന്ന് തീരുമാനം സ്വീകരിക്കുകയായിരുന്നു ടിഡിപി. അടുത്ത വര്‍ഷം ലോക്സഭ തെരെഞ്ഞടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇതു ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.