രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർത്ഥി ഷാർജീൽ ഇമാമിന്റെ കൈകൾ വെട്ടണമെന്ന് ശിവസേന ആഹ്വാനം ചെയ്ത് ഒരു ദിവസം തികയുന്നതിന് മുമ്പ്, 2013- ലെ മുസാഫർ നഗർ കലാപവുമായി ബന്ധമുള്ള, നിരവധി കേസുകളിൽ പേരുള്ള ബിജെപി എംഎൽഎ സംഗീത സോം “ഇന്ത്യയെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലണം” എന്ന് ആവശ്യപ്പെട്ടു.
ഡൽഹിയിലെ ഷഹീൻ ബാഗിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധത്തിന് പിന്നിലെ സംഘാടകരിൽ ഒരാളാണ് ഷർജീൽ ഇമാം. അസമിനെയും മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് ഇദ്ദേഹം ബുധനാഴ്ച അറസ്റ്റിലായി. പ്രസ്താവന രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ചാണ് അറസ്റ്റ്.
“ഇന്ത്യയെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ഷർജീൽ ഇമാമിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം … ഇത്തരക്കാരെ പരസ്യമായി വെടിവച്ചുകൊല്ലണം,” യുപിയിലെ സർധാന നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ സംഗീത സോം വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് പറഞ്ഞു.
ജനുവരി 16 ന് യുപിയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് ഷർജീൽ ഇമാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്തണെമെന്ന് പറഞ്ഞതെന്നാണ് ആരോപണം. ഷർജീൽ ഇമാം നിലവിൽ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.