'ഡല്‍ഹി ജുമാ മസ്ജിദ് മുന്‍പ് യമുനാ ദേവീ ക്ഷേത്രം' വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് വിനയ് കത്യാര്‍

ഡല്‍ഹി ജുമാ മസ്ജിദ് മുന്‍പ് യമുന ദേവി ക്ഷേത്രമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി വിനയ്കത്യാര്‍ രംഗത്ത്. തലസ്ഥാനം മുഗളന്മാര്‍ പിടിച്ചടക്കുന്നതിന് മുന്‍പ് ജുമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നു.

“ഏകദേശം 6000 സ്ഥലങ്ങള്‍ മുഗള്‍ ഭരണകര്‍ത്താക്കള്‍ തകര്‍ത്തുകളഞ്ഞു. താജ്മഹല്‍ തേജോ മഹാലയ ആയിരുന്നത് പോലെ ഡല്‍ഹി ജുമാ മസ്ജിദ് യമുനാ ദേവീ ക്ഷേത്രമായിരുന്നു” കത്യാര്‍ പറഞ്ഞു. താജ്മഹല്‍ ക്ഷേത്രമായിരുന്നു എന്ന പ്രസ്താവനയുമായി മുന്‍പും കത്യാര്‍ രംഗത്തെത്തിയുരുന്നു. താജ്മഹലും ചുവന്നകോട്ടയും പണി കഴിപ്പിച്ച ഷാജഹാന്‍ തന്നെയാണ് ഡല്‍ഹി ജുമാ മസ്ജിദും പണികഴിപ്പിച്ചത്.

ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് പുറത്തിറക്കിയ ബ്രോഷറില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ആ സംഭവത്തിനും മുന്‍പും ശേഷവും താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന വാദമാണ് ബിജെപി നിരത്തുന്നത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതും ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.