ഫെബ്രുവരി 2 ന് ഡൽഹിയിലെ ഷഹീൻ ബാഗിലും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും “വലിയ പ്രശ്നം സൃഷ്ടിക്കാൻ” ബി.ജെ.പി പദ്ധതിയിടുന്നതായി ആം ആദ്മി പാർട്ടി വെള്ളിയാഴ്ച അവകാശപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന പ്രധാന ഇടങ്ങളാണ് ഷഹീൻ ബാഗും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയും.
ഇതുമായി ബന്ധപ്പെട്ട തെളിവ് തന്റെ പക്കൽ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“എന്റെ പക്കൽ തെളിവുണ്ട്. ധാരാളം സന്ദേശങ്ങളും വീഡിയോകളും വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. തെളിവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഡൽഹിയിലെ അസ്വസ്ഥതയ്ക്ക് പിന്നിലെന്ന് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.
“വിദ്വേഷ ഭാഷണം നടത്താൻ അദ്ദേഹം ഒരു ബിജെപി മന്ത്രിയെ പ്രോത്സാഹിപ്പിച്ചു, തുടർന്ന് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഒരാൾ തോക്കുമായി പരസ്യമായി നടന്ന് വെടിവയ്ക്കുകയാണ്, ” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഡൽഹി പൊലീസിന്റെ നിയന്ത്രിക്കുന്നത് അമിത് ഷായാണ്. അദ്ദേഹം അധികാരമേറ്റതിനുശേഷം ക്രമസമാധാനം മോശമായിരിക്കുന്നു. ഇപ്പോൾ, ഫെബ്രുവരി 2 ന് ഷഹീൻ ബാഗിലും ജാമിയ മിലിയ ഇസ്ലാമിയയിലും വലിയ എന്തെങ്കിലും കുഴപ്പം സൃഷ്ടിക്കാൻ അവർ പദ്ധതിയിടുന്നു. ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,” ആം ആദ്മി നേതാവ് കൂട്ടിച്ചേർത്തു.
ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് മനസിലായതിനാൽ അന്തരീക്ഷം അസ്വസ്ഥമാക്കി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുക എന്നതാണ് പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡൽഹിയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപിയുടെ മാധ്യമ വക്താവ് അശോക് ഗോയൽ ഈ വാദത്തെ വിഡ്‌ഢിത്തം എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തോൽവി ഏറ്റുവാങ്ങുമെന്ന് കരുതുന്നുണ്ടെന്നും അതിനാലാണ് വിഡ്‌ഢിത്ത പ്രസ്താവനകൾ നടത്തുന്നതെന്നും അശോക് ഗോയൽ പറഞ്ഞു.