ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളിനെ അയോദ്ധ്യ സന്ദര്‍ശനത്തിനിടെ ആക്രമിക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ്. അടുത്തയാഴ്ച കെജരിവാള്‍ അയോദ്ധ്യ സന്ദര്‍ശനം നടത്താനിരിക്കേയാണ് ബി.ജെ.പി ആക്രമിക്കുമെന്ന സഞ്ജയ് സിംഗിന്റെ പ്രസ്താവന. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് എം.പി ഇക്കാര്യം പറഞ്ഞത്.
”ദീപാവലിക്ക് മുമ്പായി, അരവിന്ദ് കെജരിവാള്‍ അയോദ്ധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തുവാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എത്തരത്തിലുള്ള പ്രസ്താവനകളാണ് അവരുടെ നേതാക്കള്‍ നടത്തുന്നതെന്ന് നിങ്ങളും കണ്ടിട്ടുണ്ടാവും,”സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.
ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും യോഗി ആദിത്യനാഥിനോടും എനിക്ക് പറയാനുള്ളത്. അരവിന്ദ് കെജരിവാളിന്റെ യാത്രകളും ജോലിയും തടസപ്പെടുത്താന്‍ പൈശാചികമായ ഒരു പ്രവണതയാണ് ബി.ജെ.പിയ്ക്കുള്ളത്. ശ്രീരാമനെ ദര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.