സുപ്രീം കോടതിയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍: നേതാക്കള്‍ക്ക് താക്കീത് നല്‍കി ബിജെപി; പാര്‍ട്ടി നിലപാടല്ല, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മാത്രം, ഇനി ആവര്‍ത്തിക്കരുതെന്ന് ജെ പി നഡ്ഡ

സുപ്രീം കോടതിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെയാണ് ബിജെപി അധ്യക്ഷന്‍ തള്ളിക്കളഞ്ഞതും നേതാക്കള്‍ക്ക് താക്കീത് നല്‍കിയതും. ഇവരുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇതല്ല ബിജെപിയുടെ നിലപാടെന്നും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു. പാര്‍ട്ടിക്ക് ഇത്തരം പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. ബിജെപി നേതാക്കള്‍ മാത്രമല്ല ഉപരാഷ്ട്രപദി ജഗ്ദീപ് ധന്‍ഖറും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും സുപ്രീം കോടതിയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തെ പരമോന്നത കോടതിയ്‌ക്കെതിരെ ഭരണകക്ഷിയുടെ അംഗങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയപ്പോഴാണ് ഇതെല്ലാം വ്യക്തിപരമാണെന്നും പാര്‍ട്ടിയ്ക്കി ബന്ധമില്ലെന്നും വ്യക്തമാക്കി ബിജെപി രംഗത്ത് വന്നത്.

ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിഷികാന്ത് ദുബേയ്ക്കും ദിനേശ് ശര്‍മ്മയ്ക്കും ബിജെപി നിര്‍ദേശം നല്‍കിയപ്പോഴും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന തങ്ങളുടെ നേതാക്കളുടെ പരാമര്‍ശങ്ങളില്‍ വിശദീകരണം ഉണ്ടായിട്ടില്ല. രാഷ്ട്രപതിയ്‌ക്കെതിരെ സംസാരിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസുമാരായോ എന്ന ചോദ്യമാണ് ഉപരാഷ്ട്രപതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരുപ്പുറച്ചവരാണ് സുപ്രീം കോടതി വിധിക്കെതിരെ പാര്‍ലമെന്റിന്റെ പേര് പറഞ്ഞു അമിതാധികാര പ്രയോഗമെന്നെല്ലാം വ്യാഖ്യാനങ്ങളുണ്ടാക്കിയത്. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 ഒരു ആണവ മിസൈലായി ജനാധിപത്യ ശക്തികള്‍ക്കെതിരെ 24 മണിക്കൂറും ജുഡീഷ്യറിയുടെ പക്കല്‍ ഉണ്ടെന്നതാണ് ധന്‍ഖറിന്റെ ആകുലത. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ജുഡീഷ്യറിയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ കെട്ട് ധന്‍ഖാര്‍ പൊട്ടിച്ചത്.

പിന്നീട് ബിജെപി ജനപ്രതിനിധികളും ജുഡീഷ്യറിയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാജ്യത്ത് മതസംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്ന് വരെ ബിജെപി എംപി നിഷികാന്ത് ദുബേ പറഞ്ഞിരുന്നു. സുപ്രീംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നും വരെ ദുബേ പറഞ്ഞു. ബില്ലുകള്‍ പാസാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ബിജെപി നേതാക്കള്‍ സുപ്രീം കോടതിയെ ആക്ഷേപിച്ച് രംഗത്തുവന്നത്. വലിയ വിവാദങ്ങളിലേക്കും പ്രതിഷേധത്തിലേക്കും കാര്യങ്ങള്‍ പോകുമെന്ന് കണ്ടാണ് ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേഷ് ശര്‍മയും നടത്തിയ പരാമര്‍ശങ്ങളുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ജെപി നഡ്ഡ വ്യക്തമാക്കിയത്.

ബിജെപി നേതാക്കളില്‍ നിന്നുണ്ടായത് വ്യക്തിപരമായ പരാമര്‍ശങ്ങളാണ്. എന്നാല്‍ ബിജെപി ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമര്‍ശങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിര്‍ദേശങ്ങളും വിധികളും പൂര്‍ണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന ശക്തമായ തൂണുമാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ആ നേതാക്കളോടും മറ്റുള്ളവരോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്’.

സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജെപി അധ്യക്ഷന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതെന്നും പാര്‍ലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നതെന്നും നിങ്ങളിപ്പോള്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ എന്നുമെല്ലാമായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം. പാര്‍ലമെന്റെന്നാല്‍ ഭരണകക്ഷി മാത്രമല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്ന ഭരണമുന്നണിയിലെ പലര്‍ക്കും സുപ്രീം കോടതി പറഞ്ഞതു വ്യക്തമായിട്ടില്ലെന്ന് തെളിയിക്കുന്നുണ്ട് നിലവിലെ പ്രകടനങ്ങള്‍.