പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തൻെറ ഫോണും ചോർത്തിയെന്ന് കരുതുന്നുണ്ടെങ്കിൽ രാഹുൽ ഗാന്ധി ഫോൺ അന്വേഷണത്തിനായി സമർപ്പിക്കട്ടെയെന്ന് ബി.ജെ.പി. ഐ.പി.സി പ്രകാരം അവർ അത് അന്വേഷിക്കുമെന്നും ബി.ജെ.പി വക്താവ് രാജ്യവർധൻ റാത്തോഡ് പറഞ്ഞു.
ജനാധിപത്യത്തിൽ എല്ലാവർക്കും എല്ലാം അറിയാനുള്ള അവകാശമുണ്ടെന്ന വിചിത്ര വാദവും ഫാേൺ ചോർത്തൽ വിവാദത്തെ പ്രതിരോധിക്കാൻ അദ്ദേഹം ഉന്നയിച്ചു. രാഹുൽ അന്വേഷണ ഏജൻസിക്ക് ഫോൺ നൽകട്ടെ. ഐ.പി.സി പ്രകാരം അവർ അത് അന്വേഷിക്കും –റാത്തോഡ് പറഞ്ഞു.
പെഗസസ് ചാര ആപ്പുവഴി തൻെറ ഫോണിലെ വിവരങ്ങൾ എല്ലാം ചോർത്തിയതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എല്ലാ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്നും മറ്റു പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രത്യേകിച്ച് അതില്‍ നിന്ന് ഒന്നും കിട്ടാനുമില്ല. അതുകൊണ്ട് എനിക്ക് ഭയമില്ല. അഴിമതിക്കാരും, കള്ളന്മാരും ഭയക്കും’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍,
ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സർക്കാർ ഉത്തരം പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.