ഗുജറാത്തില്‍ മോഡി പ്രഭാവത്തിന് മങ്ങല്‍; കോണ്‍ഗ്രസ് ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വ്വേ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകുമെന്ന് സര്‍വ്വേ. പ്രധാന കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും 43ശതമാനം വീതം വോട്ടുകള്‍ നേടുമെന്നാണ് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വ്വേ പറയുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും അന്തിമ ഫലത്തിന്റെ കാര്യത്തില്‍ സര്‍വ്വേ മൗനം പാലിക്കുന്നു. നാലു മാസലം കൊണ്ട് ബിജെപിയുടെ വോട്ടുവിഹിതത്തില്‍ 16ശതമാനം ഇടിവുണ്ടായെന്നും സര്‍വ്വേ കണ്ടെത്തി. ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേ പ്രകാരം 59 ശതമാനം വോട്ടുകള്‍ ബിജെപി നേടുമെന്നായിരുന്നു കണ്ടെത്തല്‍, എന്നാല്‍ ഇത് 43 ആയി കുറഞ്ഞത് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയാണ്.

ഇരുപത്തിരണ്ടു വര്‍ഷം പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ തിരിച്ചു വരവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. നാലുമാസത്തിനിടെ വോട്ടു വിഹിതത്തില്‍ 14 ശതമാനമാണ് കോണ്‍ഗ്രസ് വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയിലും ഇടിവുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തില്‍ പതിനെട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് കടക്കുന്ന രാഹുല്‍ഗാന്ധിക്കാകട്ടെ ഓഗസ്റ്റിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ പിന്തുണ വര്‍ദ്ധിച്ചതായും സര്‍വ്വേ പറയുന്നു.