രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭ നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ പിടിച്ചെടുത്തു. ബാലിഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാബുല്‍ സുപ്രിയോയും വിജയം സ്വന്തമാക്കി. ഇരുവരും ബിജെപിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായവരാണ്.
മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രീയോ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് അസന്‍സോള്ില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ വിജയിച്ചത്. അഗ്‌നിമിത്ര പോളായിരുന്നു മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ആദ്യമായാണ് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. ബാലിഗഞ്ചില്‍ 19000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബുല്‍ സുപ്രിയോ വിജയിച്ചത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത്.
ബീഹാറിലെ ബോച്ചാഹന്‍ നിയമസഭ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ അമര്‍ പസ്വാന്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബേബി കുമാരിയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഇതിന് പുറമെ മഹാരാഷ്ട്രയിലെ കോലാപൂര്‍, ഛത്തീസ്ഗഢിലെ ഖൈരാഗഡ് നിയമസഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സ്വന്തം നില ഉറപ്പിച്ചു. കോലാപൂരില്‍ ജയശ്രീ ജാദവും ഖൈരാഗഡില്‍ യശോദ നിയംബീര്‍ വര്‍മ്മയുമാണ് ജയിച്ചത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പിലെ വിജയം നേരിയ ആശ്വാസം പകരുന്ന ഒന്നാണ്.