ഗുജറാത്തില്‍ ബിജെപി ജയിക്കുമെന്ന് അവരുടെ നേതാക്കള്‍ക്ക് പോലും വിശ്വാസമില്ല

നാളെ വിധി പ്രഖ്യാപിക്കുന്ന ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു. അതിനിടെ ബിജെപിക്ക് ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ പര്യാപ്തമായ സീറ്റുകള്‍ ലഭിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബിജെപിയുടെ തന്നെ രാജ്യസഭാംഗമായ സഞ്ജയ് കാക്‌ടെ

ബിജെപിയെ പിന്‍സീറ്റിലാക്കി കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം പിടിക്കുമെന്നാണ് സഞ്ജയ് പറഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്ന് അറിയാന്‍ താനൊരു സംഘത്തെ നിയോഗിച്ചിരുന്നെന്നും അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ബിജെപി തോല്‍ക്കുമെന്നാണെന്നും നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ ഭരണം കൈയാളുന്നത് ബിജെപിയാണ്. അവിടെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് സഞ്ജയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും ബിജെപി വികസനത്തെക്കുറിച്ച് സംസാരിച്ചില്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി പാര്‍ട്ടി എടുത്ത പ്രധാന തീരുമാനങ്ങളെ കുറിച്ചോ പ്രചാരണ ഘട്ടത്തില്‍ സംസാരിച്ചില്ല. ജനങ്ങളിളെ വികാരപരമായി സ്വാധീനിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത് എന്നും കാക്‌ടെ കുറ്റപ്പെടുത്തി.

ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്ക്‌റെയുടെ ഇന്നലത്തെ പ്രതികരണം. ബിജെപിയ്ക്ക് അനുകൂലമായി വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാടേ തള്ളിക്കളഞ്ഞ താക്ക്‌റെ ബിജെപി ഗുജറാത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഗുജറാത്തിലെ യഥാര്‍ത്ഥ അവസ്ഥയും എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ താക്ക്‌റെ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നതിനൊപ്പം അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടി നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു താക്ക്‌റെയുടെ പ്രശംസ.