മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ ബിജെപിയ്ക്ക് വഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണത്തില്‍ തുടരുന്ന അനശ്ചിതത്വങ്ങള്‍ നീങ്ങുന്നതായാണ് സൂചന. മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിട്ടും മന്ത്രിസഭ രൂപീകരണത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡയെ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്തതോടെയാണ് മന്ത്രിസഭ രൂപീകരണം വൈകിയത്. മുന്നണിയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രി പദം രണ്ടര വര്‍ഷമായി പങ്കിടണമെന്നതായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ ഉന്നയിച്ച അഭിപ്രായം. ഷിന്‍ഡെയുടെ ആവശ്യത്തിന് പകരം ശ്രീകാന്ത് ഷിന്‍ഡയെ ഉപമുഖ്യമന്ത്രി പദത്തിലെത്തിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി നീക്കം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.
ഉപമുഖ്യമന്ത്രിയെ പ്രധാനമന്ത്രിയും അമിത്ഷായും ചേര്‍ന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മഹായുതി സഖ്യം ഇത്തവണ 288ല്‍ 230 സീറ്റുകളിലും വിജയിച്ചിരുന്നു. 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.