ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിലുണ്ടായ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം ചോദിച്ചതിന് മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍. പഹല്‍ഗാമില്‍ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ബിജെപി നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. കാലിബാരി ചൗക്കില്‍ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ രാകേഷ് ശര്‍മ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് ശര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഹല്‍ഗാം ആക്രമണത്തിന് ആരാണ് ഉത്തരവാദി, ആഭ്യന്തര മന്ത്രാലയം ഉത്തരവാദിയല്ലേ എന്ന് ചോദിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സുരക്ഷാ വീഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോഴാണ് ചോദ്യം ചോദിച്ചതിന് തെരുവില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ നേരിടുന്നത്.
ബിജെപി ഗുണ്ടകള്‍ ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചെന്നും അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും പ്രതികരിക്കുന്നുണ്ട്. നാണംകെട്ട പ്രവൃത്തി ബിജെപി പ്രവര്‍ത്തകരെ എന്ന് ചൂണ്ടിക്കാണിച്ച് ഷെയിം ഓണ്‍ ബിജെപി വര്‍ക്കേഴ്‌സ് എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.
ആക്രമണത്തെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി അപലപിക്കുകയും പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
BJP workers thrashed a journalist from Kathua associated with Jagran news.
He was asking, “who is responsible for the Pahalgam attack? Is the home ministry not accountable?
For this, BJP goons attacked him and now he is in hospital.
Shame on BJP workers! pic.twitter.com/m30PAW7oVh
— Shantanu (@shaandelhite) April 23, 2025
നിയമസഭാംഗങ്ങളായ ദേവീന്ദര്‍ മാന്യല്‍, രാജീവ് ജസ്രോതിയ, ഭരത് ഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ബിജെപി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ശര്‍മ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകര്‍ ‘വിഘടനവാദ ഭാഷ’ സംസാരിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹിമാന്‍ഷു ശര്‍മ്മ പ്രകോപിതനായെന്നും ജാഗരണ്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.
ചോദ്യങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് രാംഗഡ് എംഎല്‍എ മന്യല്‍ മറുപടി നല്‍കിയതെന്നും തീവ്രവാദികള്‍ക്കെതിരെ ‘നിര്‍ണ്ണായക നടപടി’ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണെന്നും അദ്ദേഹം പ്രതികരിച്ചുവെന്നും രാകേഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണവും കത്വയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ പ്രതിഫലനമല്ലേ എന്ന് നേതാക്കളോട് ചോദിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹികള്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നും ഹിമാന്‍ഷുവിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളെ എതിര്‍ത്തു മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിന് ശേഷം വേദി വിട്ടെങ്കിലും പുറത്തുവെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് രാകേഷ് ശര്‍മ്മ പറയുന്നത്. അതേസമയം, രവീന്ദര്‍ സിംഗ്, അശ്വനി ശര്‍മ്മ, മഞ്ജിത് സിംഗ്, ടോണി, പര്‍വീണ്‍ ചുന എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഹിമാന്‍ഷുവിനൊപ്പം ചേര്‍ന്നുവെന്നും അവര്‍ പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് അദ്ദേഹത്തെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Read more
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവീന്ദര്‍ സിംഗ് ആണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പിന്നീട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്നും ശര്‍മ്മ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘം കത്വ സീനിയര്‍ പോലീസ് സൂപ്രണ്ട് ശോഭിത് സക്സേനയെ കണ്ട് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ കത്വയിലെ ഷഹീദി ചൗക്കില്‍ കൈകളില്‍ കറുത്ത ബാന്‍ഡ് ധരിച്ച മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതികള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുന്നതുവരെ ബിജെപിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് കത്വയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.