ബംഗാളിലെ ഗോഗാത് ഹൂഗ്ലി ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. മരിച്ച ഗണേഷ് റോയ് എന്ന യുവാവിന്റെ കുടുംബം അദ്ദേഹത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ കൊലപ്പെടുത്തിയതാണെന്ന് ആരോപ്പിച്ചു. ഗണേഷ് റോയിക്കും കുടുംബത്തിനും നേരെ ഭീഷണികൾ ഉണ്ടായിരുന്നതായി അവർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഗോഗാത്-അരാംബാഗ് റോഡ് കുറച്ചു നേരം തടഞ്ഞു. പൊലീസ് ഇടപെട്ടാണ് ഗതാഗതം പുനഃസഥാപിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഗണേഷ് റോയിയെ കാണാതായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇയാളുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഗണേഷ് റോയിയുടെ മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്നതിന്റെ ഭയാനകമായ വീഡിയോക്കൊപ്പം “ജനാധിപത്യം കൊലചെയ്യപ്പെട്ടു, വീണ്ടും!” എന്ന് ബംഗാളിലെ ബിജെപി ട്വീറ്റ് ചെയ്തു.
പ്രദേശത്തെ ബിജെപി പ്രവർത്തകർക്കിടയിൽ പരിഭ്രാന്തി പരത്താൻ പ്രതികൾ മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. അതേസമയം തങ്ങളുടെ അംഗങ്ങൾക്ക് ബി.ജെ.പി പ്രവർത്തകന്റെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം തൃണമൂൽ നിഷേധിച്ചു.