മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. നാഗ്പുരിലെ ബന്ദാര ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പത്തോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
നിലവില്‍ എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഫാക്ടറിയിലെ എല്‍ടിപി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു.
അഞ്ച് കിലോമീറ്റര്‍ ദൂരെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം പുറത്തുവന്നിട്ടുണ്ട്.