പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലെ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കോടതി സമുച്ചയത്തില്‍ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്. ഇന്നുച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോടതി പരിസരത്തു നിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍.ഐ.എ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.