ഹിജാബ് ധരിച്ചതിന് മുസ്ലിം പെൺകുട്ടികളെ തടഞ്ഞത് മൗലികാവകാശ ലംഘനം: അസദുദ്ദീൻ ഒവൈസി

കർണാടകയിലെ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും തടഞ്ഞ നടപടി തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അനുദിനം ശക്തിപ്പെടുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് ഒവൈസി പറഞ്ഞു.

ഒരു മുസ്ലീം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കും. പെട്ടെന്ന്, ആരാണ് അവർക്ക് ഈ കാവി ഷാളുകൾ നൽകുന്നത്? ആ കാവി ഷാളുകൾ എവിടെ നിന്ന് വരുന്നു? അസദുദ്ദീൻ ഒവൈസി ചോദിച്ചു.

മുസ്ലീം പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മൗലിക ലംഘനമാണ്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രശ്‌നം സൃഷ്ടിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്, അത് അനുദിനം ശക്തിപ്പെടുകയാണ്, ബിജെപി ഈ ഘടകങ്ങൾക്കെല്ലാം ധൈര്യം പകരുകയാണ്, ഒവൈസി പറഞ്ഞു.