തെലങ്കാനയില്‍ കനാലില്‍ കണ്ടെത്തിയത് മലയാളിയുടെ മൃതദേഹം; വഴിത്തിരിവായത് ഷര്‍ട്ടിന്റെ സ്റ്റൈല്‍ കോഡ്

തെലങ്കാനയില്‍ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവ് മലയാളിയാണെന്ന സംശയത്തില്‍ തെലങ്കാന പൊലീസ്. തെലങ്കാനയിലെ നല്ലഗൊണ്ടെയിലെ ഗുറംപോടുള്ള കനാലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 18ന് ആണ് പൊലീസ് കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന് സംശയം ഉയര്‍ന്നത്. യുവാവിനെ കൊലപ്പെടുത്തിയശേഷം കനാലില്‍ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ചിരുന്ന വസ്ത്രം അടക്കം സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു.

യുവാവ് ധരിച്ച ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സ്‌റ്റൈല്‍ കോഡിലുള്ള ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമാണെന്ന് ഷര്‍ട്ട് കമ്പനി പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന നിഗമനത്തില്‍ തെലങ്കാന പൊലീസെത്തിയത്.

കൊല്ലപ്പെട്ട യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായും കൊലപാതകത്തിന്റെ അന്വേഷണത്തിലും തെലങ്കാന പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.