കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ബിഹാറിലെ പാട്‌നയില്‍ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍ നിന്ന് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂള്‍ തല്ലിത്തകര്‍ത്ത് തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാണാതായ ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ബിഹാറിലെ ദിഘ നഗരത്തിലെ ടൈനി ടോട്ട് അക്കാഡമി സ്‌കൂളിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ കുട്ടി മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പുലര്‍ച്ചെ 3ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് കുട്ടി ദിവസവും ട്യൂഷന് പോകാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി സ്‌കൂള്‍ വിട്ട് പുറത്ത് പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

Read more

മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയതോടെ സംഭവം കൊലപാതകാണെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.