മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി.ഈ-മെയിൽ ലഭിച്ചത് തിങ്കളാഴ്ചയെന്നാണ് മുംബൈ പോലീസ് അറിയിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി. മുംബൈയിലെ ആകെ 11 സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാൾ അവകാശപ്പെട്ടിട്ടുണ്ട്.
ഈ-മെയിൽ സന്ദേശത്തിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ മുംബൈ എംആർഎ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.