പോക്‌സോ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ച് മുബൈ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതി വിരുദ്ധ പീഡനമായി ഐപിസി 377ാം വകുപ്പില്‍ ഉള്‍പ്പെടുത്താനാവില്ലന്ന് കോടതി വ്യക്തമാക്കിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിരുന്ന പ്രതിക്ക് കേസില്‍ കോടതി ജാമ്യവും അനുവദിച്ചു.
പതിനാലുകാരന്റെ പിതാവ് നല്‍കിയ കേസില്‍ ഒരു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജസ്റ്റിസ് അനുഭ പ്രഭുദേശായ് ആണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ മൊഴിയിലും, എഫ്‌ഐആറിലും, പ്രഥമദൃഷ്ട്യാ പ്രതി ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തതായി പരമാര്‍ശിക്കുന്നുണ്ട്. ഇത് പ്രഥമദൃഷ്ടിയില്‍ തന്റെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 പ്രകാരമുള്ള കുറ്റകൃത്യമല്ല എന്നാണ് കോടതി വ്യക്തമാക്കിയത്.
മുംബൈയിലെ മൊബൈയില്‍ കടയിലാണ് സംഭവം. കുട്ടി റീചാര്‍ജ് ചെയ്യാന്‍ പോയപ്പോള്‍ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടില്‍ നിന്ന് പണം കാണാതായത് പിന്നാലെ കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് പതിനാലുകാരന്‍ പീഡനത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്. പണം താന്‍ മൊബൈല്‍ റീചാര്‍ജ് കടയിലെ ആള്‍ക്ക് കൊടുത്തെന്ന് കുട്ടി പറഞ്ഞതിനു പിന്നാലെ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യ്ത്. വിചാരണ കാത്ത് പ്രതി ഒരു വര്‍ഷമായി തടവിലാണെന്നും വിചാരണ എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. 30,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.