ചെന്നൈയില്‍ പൊലീസ് സംരക്ഷണം ലഭിക്കാനായി സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പെരി സെന്തില്‍ എന്ന സെന്തില്‍, മകന്‍ ചന്ദ്രു, ചെന്നൈ സ്വദേശി മാധവന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
സെന്തിലും മകന്‍ ചന്ദ്രുവും സെന്തിലിന്റെ സഹോദരന്‍ രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബ് ആക്രമണം ആസൂത്രണം ചെയ്തത്. കഴിഞ്ഞ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പെരി സെന്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ സെന്തിലിന്റെ സഹോദരന്‍ രാജീവ് ഗാന്ധിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സ്ഫോടകവസ്തു നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.