ജമ്മു കശ്മീരിലെ പുൽവാമയിൽ ബുധനാഴ്ച രാത്രി ഉണ്ടായേക്കാമായിരുന്ന വൻ കാർ ബോംബ് ആക്രമണത്തെ സുരക്ഷാ സേന തടഞ്ഞു. 20 കിലോയിലധികം സ്ഫോടകവസ്തു (ഐഇഡി) വഹിച്ച വാഹനം സുരക്ഷാ സേന കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം പുൽവാമയിൽ നടന്ന ഭീകരാക്രമണവുമായി ഈ പദ്ധതിക്ക് സമാനതകളുണ്ടായിരുന്നു. ഈ ചാവേർ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ സിആർപിഎഫ് കോൺവോയിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത ഹ്യുണ്ടായ് സാൻട്രോ കാർ ബുധനാഴ്ച രാത്രി ഒരു ചെക്ക് പോയിന്റിൽ നിർത്താൻ സിഗ്നൽ നൽകിയിരുന്നുവെങ്കിലും ചെക്ക് പോയിന്റിൽ എത്തിയപ്പോൾ വേഗത കൂട്ടി കാർ ബാരിക്കേഡിനെ മറികടന്ന് പോകാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷാ സേന വെടിയുതിർത്തു. ഐഇഡി അടങ്ങിയ കാർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ആക്രമണ സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് രഹസ്യാന്വേഷണം ലഭിച്ചു. ഇന്നലെ മുതൽ ഞങ്ങൾ ഐ.ഇ.ഡി സൂക്ഷിച്ച ഒരു വാഹനം തിരയുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ഇ.ഡിക്കൊപ്പം കാർ പിന്നീട് ബോംബ് നിർമാർജന സംഘം നശിപ്പിച്ചു. വൻ സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.