ഒന്നാം ക്ലാസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; ആറാം ക്ലാസുകാരിയെ പൊലീസ് തിരയുന്നു

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ സ്‌കൂളിലെ ആറാം ക്ലാസുകാരിയായ സീനിയര്‍ വിദ്യാര്‍ഥിനിയെ പൊലീസ് തിരയുന്നു. ലക്‌നൗ ത്രിവേണി നഗറിലെ സ്വകാര്യ സ്‌കൂളായ ബ്രൈറ്റ്‌ലാന്‍സിലാണ് സംഭവം. സ്‌കൂളിലെ ശുചിമുറിക്കുള്ളിലാണ് പരുക്കേറ്റ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ആക്രമണത്തില്‍ ആറു വയസ്സുകാരന്റെ നെഞ്ചിനും വയറിനും ഗുരുതരമായി പരുക്കേറ്റു. കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവം അറിഞ്ഞ് ആശുപത്രിയിലെത്തിയ തങ്ങളോട് മകനെ ഒരു പെണ്‍കുട്ടി കത്തികൊണ്ട് ആക്രമിച്ചു എന്ന് സ്‌കൂളില്‍നിന്ന് അറിയിക്കുകയായിരുന്നു എന്ന് പരുക്കേറ്റ കുട്ടിയുടെ പിതാവ് പറഞ്ഞു. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആരാണെന്നതിനെ സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന പൊലീസ് അറിയിച്ചു. സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തിന് ബ്ലൂവെയില്‍ ഗെയിമുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതക ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കൊലപാതകത്തിനോട് സാമ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. കഴിഞ്ഞ വര്‍ഷമാണ് റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രഥ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ശുചിമുറിയിലാണ് പ്രഥ്യുമന്റെ മൃതദേഹം കണ്ടെത്തിയത്.