ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെട്ട രണ്ടാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് വയസുകാരിയുടെ പിതാവ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. തന്റെ മകളെ മുട്ട കഴിപ്പിച്ച അദ്ധ്യാപകനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് പിതാവ് ശ്രീകാന്തിന്റെ പരാതി.
ഷിമോഗയിലെ കാമാച്ചി ഗ്രാമത്തിലെ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കാണ് ദുരനുഭവം നേരിട്ടത്. ഇതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അദ്ധ്യാപകനാണ് ശ്രീകാന്ത്. പുട്ടസ്വാമി എന്ന അദ്ധ്യാപകനാണ് കുട്ടിയെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചതായി പരാതിയുള്ളത്. കുട്ടി തന്നെയാണ് വിവരം പിതാവിനെ അറിയിച്ചത്.
ആരോഗ്യത്തിന് ഉത്തമം ആണെന്ന് പറഞ്ഞായിരുന്നു പുട്ടസ്വാമി മുട്ട കഴിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. സസ്യാഹാരം മാത്രം കഴിക്കുന്ന കുട്ടിയെക്കൊണ്ട് പുട്ടസ്വാമി നിര്‍ബന്ധിച്ച് മാംസാഹാരം കഴിപ്പിക്കുകയായിരുന്നെന്നും ഇതോടെ മകള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും പിതാവ് പറയുന്നു. തന്റെയും കുടുംബത്തിന്റെയും മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് അദ്ധ്യാപകനില്‍ നിന്നുണ്ടായതെന്നും ശ്രീകാന്ത് പറയുന്നു.