ഉത്തർപ്രദേശ് സർക്കാരിന്റെ സമൂഹ വിവാഹ പദ്ധതിയിൽ വൻ തട്ടിപ്പ്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേരെ അറസ്റ്റ് ചെയ്തു. സമൂഹ വിവാഹ ചടങ്ങിൽ വിവാഹ വേഷത്തിലുള്ള യുവതികള്‍ സ്വയം വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.
ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർധന കുടുംബാംഗങ്ങളുടെ വിവാഹത്തിനുള്ള പദ്ധതിയായിരുന്നു സമൂഹ വിവാഹം. ബിജെപി എംഎൽഎ കേത്കി സിംഗ് സമൂഹ വിവാഹത്തിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഏകദേശം 568 ദമ്പതികൾ വിവാഹിതരായി. എന്നാൽ വധൂവരന്മാരായി വേഷമിട്ട പലരും പണം വാങ്ങി എത്തിയതായിരുന്നു. യുവതികള്‍ സ്വയം വരണമാല്യം ചാര്‍ത്തുന്നതും വരൻ്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം.
വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പിന്നീട് കണ്ടെത്തി. വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19 കാരനായ ഒരാൾ എൻഡിടിവിയോട് പറഞ്ഞു. ‘ഞാൻ കല്യാണം കാണാനാണ് അവിടെ പോയത്. അവർ എന്നെ അവിടെ ഇരുത്തി. പണം തരാമെന്ന് പറഞ്ഞു. പലരെയും ഇരുത്തുകയായിരുന്നു’- യുവാവ് പറഞ്ഞു.
യോഗിയുടെ പദ്ധതി പ്രകാരം, ഈ സ്കീമിന് കീഴിൽ സർക്കാർ 51,000 രൂപയാണ് നൽകുന്നത്. അതിൽ 35,000 രൂപ പെൺകുട്ടിക്കും 10,000 രൂപ വിവാഹ സാമഗ്രികൾ വാങ്ങുന്നതിനും 6,000 രൂപ പരിപാടിക്കും ലഭിക്കും. വ്യാജ വിവാഹങ്ങൾ നടത്തി ഈ പണം തട്ടിയെടുക്കുക ആയിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികൾക്ക് പണം കൈമാറുന്നതിന് തൊട്ടു മുൻപ് തട്ടിപ്പ് പുറത്തായി.
സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ അധികൃതർ നിയോഗിച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കാനും എല്ലാ ഗുണഭോക്താക്കളെയും പരിശോധിക്കുകയും പൂർണ്ണമായ അന്വേഷണം നടക്കുന്നത് വരെ ഗുണഭോക്താക്കൾക്ക് ഒരു ആനുകൂല്യവും കൈമാറില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.