ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം മൂന്നാം തവണയും തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന സുല്‍ത്താന്‍ഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകര്‍ന്നുവീണത്. 1710 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലത്തിന് 3.16 കിലോമീറ്റര്‍ നീളമുണ്ട്. ഒന്‍പത് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് പാലം തകരുന്നത്.
ശനിയാഴ്ച രാവിലെ 8ന് ആയിരുന്നു പാലം തകര്‍ന്നത്. എസ്‌കെ സിംഗ്ല കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പാലത്തിന്റെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. പാലം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഭഗല്‍പൂര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ജിനെയും ഖഗരിയ ജില്ലയിലെ അഗുനിഘട്ടിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിന്റെ ഒന്‍പത്-പത്ത് തൂണുകള്‍ക്കിടയിലെ ഭാഗമാണ് തകര്‍ന്നുവീണത്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ നിറുത്തിവച്ചിരുന്നു.